ഭൂമിയിലെ ജീവന്റെ സുസ്ഥിരമായ നിലനിൽപ്പിന് ആഗോളതാപനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ഭീഷണിയെ കുറിച്ചും, അതിൽ നിർമാണ രംഗം വഹിക്കുന്ന പങ്കിനെകുറിച്ചും ഓരോ പൗരനും ഇന്ന് ബോധവാന്മാരാവേണ്ടതുണ്ട്. നാം ഓരോരുത്തർക്കും അവരവരുടേതായ പ്രാധാന്യമുണ്ടെന്നും, ദൈനംനിന ജീവിതത്തിലെ ചെറിയ തിരഞ്ഞെടുപ്പുകളിലൂടെ ചെറിയ ചെറിയ മാറ്റങ്ങൾ നമുക്കും വരുത്താൻ കഴിയുമെന്നും തിരിച്ചറിഞ്ഞാൽ, നമുക്കൊരുമിച്ച് ഒരു മെച്ചപ്പെട്ട ഇടത്തെ വരും തലമുറയ്ക്കായി കൈമാറാം.
സിമെന്റ്, സ്റ്റീൽ, അലൂമിനിയം തുടങ്ങി കെട്ടിടനിർമാണ മേഖല ലോകവ്യാപകമായി ഉപയോഗിക്കുന്ന മിക്ക നിർമാണ വസ്തുക്കളും വളരെയധികം ഊർജ്ജം ചിലവഴിച്ചുമാത്രം നിർമിക്കാൻ സാധിക്കുന്നവയാണ്. ഈ പ്രക്രിയകൾ പുറന്തള്ളുന്ന കാർബൺഡയോക്‌സൈഡ് ആണ് അന്തരീക്ഷത്തിന് ഏറെ ഭീഷണിയായ ഹരിതഗൃഹവാതകങ്ങളുടെ വികിരണത്തിൽ ( Green House Emission) മുഖ്യം. ഈ പാരിസ്ഥികാഘാതം ലഘൂകരിക്കാൻ നമുക്കുചെയ്യാൻ കഴിയുന്ന കാര്യങ്ങളെ പൊതുവായി Reduce, Reuse, Recycle എന്നിങ്ങനെ 3 R 's -ൽ ചുരുക്കാം. പരമാവധി ചെറുതാക്കുക, കഴിയുന്നത്ര വസ്തുക്കൾ കേടുപാട് തീർത്ത് പുനരുപയോഗിക്കുക, പാഴായവ പുനരുത്പാദനം നടത്തുക, അതുവഴി നിർമാണ രംഗത്തെ ഊർജ്ജഉപഭോഗം പരമാവധി കുറക്കുക എന്നതായിരുന്നു അതിന്റെ ആകെത്തുക. ഈ ആശയങ്ങളിലൂന്നി ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ യൂറോപ്പ്യൻ രാജ്യങ്ങളിലുണ്ടായ, ഒരു ചെറുകുടുംബത്തിന് പാരിസ്ഥിതികാഘാതം കുറച്ചു നിർമ്മിക്കാവുന്ന, താരതമ്യേന ചിലവുകുറഞ്ഞ പാർപ്പിടസൗകര്യം എന്ന ആശയം 'നാനോ ഹോംസ് ' എന്ന പേരിലാണ് പ്രചാരത്തിൽ വന്നത്. 25m2-ൽ, പകൽ സ്വീകരണ മുറിയും രാത്രി കിടപ്പുമുറിയും ആയി അനായാസം രൂപമാറ്റം വരുത്താവുന്ന ഒരിടവും, കിടക്കാനുള്ള മറ്റൊരിടവും, അടുക്കള ടോയ്ലറ്റ് സൗകര്യങ്ങളും അടങ്ങിയതായിരുന്നു ആ രൂപകൽപ്പന.
സാങ്കേതികമായി വളരെയധികം മുന്നിട്ടുനിൽക്കുന്ന, വ്യത്യസ്ത ജീവിതശൈലീ പുലർത്തുന്ന പുറം രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്കും, നമ്മുടെ കേരളത്തിലേക്കും നോക്കുമ്പോൾ, പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ കൊണ്ട് മാത്രം നിർമ്മിക്കുന്ന, പ്രകൃതിയോട് സഹവർത്തിത്വം പുലർത്തിയിരുന്ന വീടുകളുടെ പൈതൃകം നമുക്കെന്നേ സ്വന്തമായിരുന്നു. എന്നാൽ, കോളനിവൽക്കരണത്തോടൊപ്പം വന്ന ആധുനികവൽക്കരണത്തോടുള്ള ഭ്രമം, നമ്മുടെ കാലാവസ്ഥയോടും ജീവിതശൈലിയോടും കൂട്ടിയിണക്കായ്ക വഴി, പാശ്ചാത്യശൈലിയുടെ അന്ധമായ അനുകരണത്തിൽ കലാശിച്ചു. പിന്നീടുവന്ന ആധുനിക വൽക്കരണം പ്രാദേശിക സ്വത്വങ്ങളുടെ നിരാകരണം പൂർണ്ണമാക്കി. കൂണുപോലെ മുളച്ചുപൊങ്ങിയ കോൺക്രീറ്റ് ചതുരക്കട്ടകൾക്കിടയിൽനിന്നും നമ്മുടെ പൂർവികർ അനുഭവജ്ഞാനത്തിലൂടെ ആർജ്ജിച്ച നാട്ടറിവുകളുടെ നേരിലേക്ക് വീണ്ടും വിരൽ ചൂണ്ടി തരാൻ ഒരു വിദേശ ആർക്കിടെക്ട് വേണ്ടിവന്നു എന്നത് ചരിത്രത്തിന്റെ സാക്ഷ്യപത്രം. വെറും 20m2-ൽ നിർമ്മിക്കാവുന്ന ചെറുവീടുകളുടെ മികച്ചനിര്മിതികളുടെ പല മാതൃകകളും തന്റെ സൃഷ്ടികളിലൂടെ പരിചയപ്പെടുത്തിത്തന്ന് Ar.Laurie Bakerനമ്മെ വിസ്മയിപ്പിക്കുകയുണ്ടായി. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി ഇന്ത്യയിലേക്ക് വന്ന്, ഒടുവിൽ കേരളത്തിൽ ജീവിച്ചുമരിച്ച അദ്ദേഹം കൊളുത്തിത്തന്ന വഴിവെളിച്ചതിന് നാം, വാസ്തുശില്പികളിലെ പുതുതലമുറ എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. അതിനുശേഷം 2009-ൽ Ar.G.Shankar, വെറും ഒരു ലക്ഷം രൂപയ്ക്കു പണിയാവുന്ന, 35m2-ൽ രണ്ടു കിടപ്പുമുറികളും ഒരു സ്വീകരണമുറിയും അടുക്കള ടോയ്ലറ്റ് സൗകര്യങ്ങളുമടങ്ങിയ ഒരു ചെറുവീടിന്റെ മികച്ച മാതൃക 'നാനോ ഹോംസ്' എന്ന പേരിൽ തന്നെ നമുക്ക് കാഴ്ചവയ്ക്കുകയുണ്ടായി. ഹാബിറ്റാറ് ടെക്നോളജി ഗ്രൂപ്പ്, കോസ്റ്റഫോർഡ്, നിർമിതി കേന്ദ്ര, തുടങ്ങി നിരവധി ഏജൻസികളും , പിന്നെ എണ്ണമറ്റ വ്യക്തികൾ ചെയ്യുന്ന അനവധി ചെറുവീടുകളിലും നാനോ ഹോംസിനുള്ള ലോകോത്തര മാതൃകകൾ നമുക്ക് കണ്ടെത്താനാകും. എന്നാൽ ഇതിൽ ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഉദ്ദേശിക്കുന്നത് ചെറുവീടുകൾക്കുള്ള, പൊതുവിൽ നിര്മിതികൾക്കുള്ള , അതാതു സ്ഥലത്തിനനുസരിച്ചുമാത്രം രൂപകൽപ്പന ചെയ്യുന്ന, അധികം ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു സാധ്യതയിലേക്കാണ്.
സ്ഥലം കുറവായതുകൊണ്ടോ, സ്ഥലത്തിന് നിയതമായ ആകൃതിയോ കിടപ്പോ ഇല്ലാത്തതുകൊണ്ടോ ഒരു വീട് സ്വപ്നം കാണാൻ സംശയിച്ചുനിൽക്കുന്ന പലരുമുണ്ടാകും നിങ്ങളുടെ ഇടയിൽ. മുറികളെല്ലാം മനസ്സിൽ ചതുരവടിവിൽ നിരന്നിരിക്കുന്നതുകൊണ്ടാവാം ചിലപ്പോൾ അത് സാധിക്കാത്തത്. മുറികൾക്കുപകരം ഇടങ്ങൾ മനസ്സിൽ കാണു. കുട്ടികൾക്കിരുന്നു വായിക്കാനൊരിടം, ഉറങ്ങാനൊരിടം, ഭക്ഷണം കഴിക്കാനൊരിടം, കുടുംബത്തിന് ഒന്നിച്ചിരിക്കാനൊരിടം അങ്ങനെയങ്ങനെ. എന്നിട്ട്, നിങ്ങൾ തീരുമാനിച്ച ഡിസൈനറോട് ആ സ്വപ്നങ്ങളെ പറ്റി പറയൂ. അവർ വിഭാവനം ചെയ്യട്ടെ, ചിതലുകൾ നിർമിക്കുന്ന മൺപുറ്റുകൾ പോലെ, നിയതമായ ആകൃതിയില്ലാത്ത, പ്രകൃതിയെ ഒട്ടും നോവിക്കാതെ ആവശ്യത്തിനനുസരിച്ചു മാത്രം ഉണ്ടായിവരുന്ന, തികച്ചും ജൈവികമായ ഒരു വളരുന്ന വീട്.
മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം യഥാർത്ഥത്തിൽ തീർത്തും ജൈവികമായ ഒന്നാണ്. 17-ആം നിലയിലെ ബാൽക്കണിയിലാണെങ്കിൽ പോലും നാം ചട്ടിയിലൊരു ചെടികൊണ്ടുനടുന്നത്, അല്ലെങ്കിൽ പച്ചപ്പ് കാണുമ്പോൾ മനസ്സൊന്നു കുളിർക്കുന്നത്, എല്ലാം ആ സഹജസ്മരണയുടെ സാന്തുന സ്പർശത്തിലാണ്. പുരയിടത്തിലൊരു മരമുണ്ടെങ്കിൽ അതിനെചുറ്റിയാകട്ടെ നിങ്ങളുടെ വീട്. കാറ്റും വെളിച്ചവും കിട്ടുന്ന ഒരിത്തിരിയിടം മതിയല്ലോ കുട്ടികൾക്കിരുന്നു പഠിക്കാൻ. വസ്ത്രങ്ങൾ അടുക്കിവയ്ക്കാനൊരു അലമാരയും, ഇരുന്നു രണ്ടുവാക്കെഴുതാനൊരു മേശയും, കിടന്നുറങ്ങാനൊരിടവും മതിയല്ലോ കിടപ്പുമുറിയിൽ. ഭക്ഷണസമയത്തിരുന്നു കഴിക്കാനും, അല്ലാത്തപ്പോൾ കിടന്നൊരു പുസ്തകം വായിക്കാനും, ഊണുമുറിയിൽ ജനലരികിൽ ചെയ്ത ഒരു തിണ്ണ മതിയല്ലോ. പിന്നെ, കിതച്ചു കൂടണയുമ്പോൾ കൂടെയുണ്ടെന്നോർമ്മിപ്പിക്കാൻ, കൂടിയിരിക്കാനൊരൂഞ്ഞാൽ ഉണ്ടായാൽ പോരെ. അങ്ങനെ, നിങ്ങളുടെ സ്വപ്നങ്ങളെച്ചുറ്റി ഒഴുകട്ടെ നിങ്ങളുടെ ചുമരുകൾ. മടുപ്പിക്കുന്ന മൂലകളില്ലാതെ, അതിരുകളില്ലാത്ത ആകാശം പോലെ ഭ്രമിപ്പിക്കട്ടെ, നിങ്ങളുടെ വീടുകളെന്നും!